ശ്രീ മുച്ചിലോട്ട് ഭഗവതി
ശ്രീ മുച്ചിലോട്ട് ഭഗവതി ചരിത്രം
പീഢനത്തിനും അപമാനത്തിനുമിരയാകേണ്ടിവന്ന ഒരു പാവം കന്യകയുടെ കഥയാണിത്… പുരുഷമേല്‍ക്കോയ്‍മയുടെ കൊടുംതീയില്‍ ഒരുപിടിചാമ്പലായിമാറി, പിന്നീട് ഉഗ്രരൂപിണിയായി ഉയര്‍ത്തെണീറ്റ രായമംഗലത്തുമനയിലെ കൊച്ചുതമ്പുരാട്ടിയുടെ കഥ! അറിവുകൊണ്ട് വിജയം നേടിയപ്പോള്‍ അപവാദ പ്രചരണം നടത്തി സമൂഹം ഭ്രഷ്ട് കല്‍പ്പിച്ചതിനാല്‍, അപമാനഭാരത്താല്‍ അഗ്നിയില്‍ ജീവന്‍ ഹോമിച്ച വിദ്യാസമ്പന്നയായ ബ്രഹ്മണകന്യകയാണ് മുച്ചിലോട്ടു ഭഗവതി.
പരശുരാമന്‍ സൃഷ്‍ടിച്ച അറുപത്തിനാലു ബ്രാഹ്മണഗ്രാമങ്ങളില്‍ ഏറെപ്രസിദ്ധിയാര്‍ജിച്ച പെരിഞ്ചെല്ലൂര്‍ ഗ്രാമം. ഇന്നത്തെ തളിപ്പറമ്പുദേശം. പാണ്ഡിത്യത്തില്‍ പേരും പ്രസിദ്ധിയുമുള്ള മഹാബ്രാമണരുടെ വിഹാരകേന്ദ്രം. അവിടെ രാജരാജേശ്വരക്ഷേത്രം കേന്ദ്രീകരിച്ച് അവര്‍ വേദവേദാന്ത തര്‍ക്കശാസ്ത്രങ്ങളുടെ മാറ്റുരച്ചു. അവിടെ, വേദാന്ത തര്‍ക്ക ശാസ്ത്രങ്ങളില്‍ ഒരുപാടു പ്രഗത്ഭമതികളെ മലയാളഭൂമിക്കു സമ്മാനിച്ച ഒരു മനയാണ് രായമംഗലത്തുമന!
ഐതിഹ്യം
ഒരുപാടു പ്രാര്‍ത്ഥനകളുടെ ഫലമായി രാജരാജേശ്വരകൃപയാലൊരു മനയിലെ വലിയതിരുമേനിക്കൊരു പെണ്‍കുഞ്ഞു പിറന്നു. ഏറെക്കാലം മക്കളില്ലാതെ വിഷമിച്ചിരുന്ന തിരുമേനിക്കു വൈകിക്കിട്ടിയ സൗഭാഗ്യമായിരുന്നു ആ കുഞ്ഞ്‍. കാലാകാലങ്ങളായി പണ്ഡിതസഭകളില്‍ തലയുയര്‍ത്തി നിന്നിരുന്ന രായമംഗലത്തുമന ഒരു ആണ്‍കുട്ടിയുടെ അഭാവത്തില്‍ അന്യം നിന്നുപോകുമോ എന്നുള്ള ഭയം തിരുമേനിയെ അലട്ടിക്കൊണ്ടിരുന്നു. എന്നാല്‍ അദ്ദേഹം തളര്‍ന്നില്ല. മകളെ വൈദികപാഠശാലയിലയച്ചു പഠിപ്പിക്കാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ അവള്‍ വേദപഠനം ആരംഭിച്ചു. അതിസമര്‍ത്ഥയായി അവള്‍ എല്ലാം പഠിച്ചെടുത്തു. പതിനഞ്ചുവയസാകുമ്പോഴേക്കും അവള്‍ വേദവേദാന്തകാര്യങ്ങളില്‍ അതിനിപുണയായി മാറി. മനയിലെ അലസ്സനിമിഷങ്ങളെ കൂടി അവള്‍ ഗ്രന്ഥപാരായണത്തിലും വേദപഠനത്തിലുമായി നീക്കിവെച്ചു. ചുരുങ്ങിയ കാലം കൊണ്ടുതന്നെ അപാരജ്ഞാനത്താല്‍ അവള്‍ പണ്ഡിതയായ് മറുനാടുകളില്‍ പോലും അറിയപ്പെട്ടു. നാടുവാഴിയുടേയും നാടുകാരുടേയും കണ്ണിലുണ്ണിയായി മാറിയവള്‍. പാവപ്പെട്ടവരോടു കരുണയുള്ളവളായിരുന്നു അവള്‍. അതുകൊണ്ടുതന്നെ അവരുടെ പ്രാര്‍ത്ഥനയും സ്നേഹവും അവള്‍ക്കു ലഭിച്ചിരുന്നു. പതിപ്രായം അവളെയൊരു സൗന്ദര്യത്തിടമ്പാക്കിമാറ്റി. അഴകുറ്റമേനിയില്‍ ആടയാഭരണങ്ങളണിഞ്ഞ് അവള്‍ പെരുഞ്ചെല്ലൂര്‍ ഗ്രാമത്തിന്റെ കെടാവിളക്കായി.
എന്നാല്‍ വെറുമൊരു പെണ്ണായ അവളുടെ പാണ്ഡിത്യത്തെ അംഗീകരിക്കാന്‍ പെരുഞ്ചെല്ലൂരിലെ യാഥാസ്ഥിതിക നമ്പൂതിരിമാര്‍ക്കായില്ല. അവര്‍ അവളെ തരംതാഴ്‍ത്തിക്കാട്ടാനുള്ള ഒരവസരത്തിനായി കാത്തിരുന്നു. ചിലര്‍ നേരിട്ടുപോയി അവളോടേറ്റുമുട്ടി; ചിലരാവട്ടെ ആളുകളെ വിട്ട് അവളുടെ പാണ്ഡിത്യത്തെ അളക്കാന്‍ ശ്രമിച്ചു. എന്നാലവര്‍ക്കൊന്നും തന്നെ അവളെ തോല്പികാനായില്ല എന്നുമാത്രമല്ല, നാണംകെട്ടു മടങ്ങേണ്ടിയും വന്നു. അവളുടെ ജ്ഞാനം പ്രകാശിക്കുന്ന ചോദ്യങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും മുമ്പില്‍ ഉത്തരം കണ്ടെത്താനാവാതെ പെരുഞ്ചെല്ലൂര്‍ ഗ്രാമത്തിലെ പുരുഷപാണ്ഡിത്യം കുഴങ്ങിനിന്നു. അവരിലെ പരാജയഭീതി കൊടിയ വൈരാഗ്യബുദ്ധിക്കു വഴിമാറി. കുതന്ത്രങ്ങളാല്‍ അവളെ ഒരുക്കാന്‍ തന്നെ പണ്ഡിതപ്രമുഖര്‍ വട്ടമിട്ടു.
ഗുരുവിന്‍റെ അസാന്നിദ്ധ്യത്തില്‍ കൂട്ടുകാരികളുടെ സഭ്യമല്ലാത്ത ചോദ്യത്തിന് ചുട്ടമറുപടി ഒരു കന്യകയായ ആ കുട്ടി പറഞ്ഞത് ഗുരുവിന്‍റെ ചെവിയില്‍ എത്തുകയും കോപിഷ്ടനായ ഗുരു ആ കന്യകയെ ഗുരുകുലത്തില്‍ നിന്നും നിഷ്കാസനം ചെയ്യുകയും ചെയ്തു. ആയതില്‍മനം നൊന്ത പിതാവ് മകളുടെ വിവാഹം നിശ്ചയിച്ചു. ശാസ്ത്ര-വേദ കലകളില്‍ തര്‍ക്കിച്ചു ജയിക്കുന്ന ആളെ മാത്രമേ വേള്‍ക്കൂ എന്ന് ആ കന്യക ശഠിച്ചു. അതനുസരിച്ച് സഭ സമ്മേളനസദസ്സില്‍ പണ്ഡിത ശ്രേഷ്ഠന്മാര്‍ അണിനിരക്കുകയും ചെയ്തു. എല്ലാ ശാസ്ത്രങ്ങളെയും കുറിച്ചുള്ള തര്‍ക്കങ്ങള്‍ നീളുകയും തര്‍ക്കത്തില്‍ പണ്ഡിതന്മാരെന്ന് നിഗളിച്ചവര്‍ പരാജയപ്പെടുകയും ചെയ്തു. ഗുരുകല വിദ്യാഭ്യാസവേളയില്‍ ഉന്നയിക്കപ്പെട്ട സഭ്യമല്ലാത്ത ചോദ്യം പരാജയം മണത്തറിഞ്ഞ പണ്ഡിതര്‍ തൊടുത്തു. രസത്തില്‍ കൂടിയരസവും വേദനയില്‍ കൂടിയവേദനയും ഏത്? അതാ വരുന്ന ഉരുളയ്ക്ക് ഉപ്പേരി പോലുള്ള കന്യകയുടെ മറുപടി "ഏറ്റവും നോവാര്‍ന്നനോവ് ഈറ്റുനോവ്, ഏറ്റവും രസമാര്‍ന്ന രസം കാമരസം.'' ജാള്യതമറക്കുവാന്‍ പണ്ഡിതന്മാര്‍ പറഞ്ഞു. അനുഭവമാണ് ആ മറുപടിക്ക് അടിസ്ഥാനം'' ഭ്രഷ്ട് കല്പിക്കപ്പെട്ട ദേവകന്യകയുടെ താലികെട്ട് അങ്ങനെ മുടങ്ങി. (ദേവിയുടെ തിരുകല്യാണായ പെരുങ്കളിയാട്ടത്തിന്‍റെ അന്ത്യത്തില്‍ താലികെട്ട് മുടങ്ങുന്നത് മേല്‍ സംഭവത്തിന്‍റെ പ്രതീകത്മകമാണ്.)
ഗണികയെന്ന് മുദ്രകുത്തപ്പെട്ട ആ കന്യകയെ ഭ്രഷ്ട് കല്പിച്ചു പുഴകടത്തിവിടുവാന്‍ തീരുമാനിച്ചു. കുപ്പംപുഴയും പെരുമ്പുഴയും (പെരുമ്പ പുഴ) കടന്ന് സര്‍വ്വേശ്വരനായി വാഴുന്ന ശ്രീ സുബ്രഹ്മണ്യ സ്വാമിയേയും കണ്ടു വന്ദിച്ചു വടക്കോട്ട് നീങ്ങി ഏച്ചിക്കുളങ്ങര എത്തി. അവിടുത്തെ ശ്രീനാരായണപുരം ക്ഷേത്രത്തില്‍ സാക്ഷാല്‍ നാരായണന്‍ അരുളിചെയ്തു. "അഗ്നി ജ്വലിപ്പിച്ച് ദാനം വാങ്ങി ദേഹാഹൂതി നടത്തി തന്‍റെ നിരപരാധിത്വം ബോദ്ധ്യപ്പെടുത്തുക.'' തിരിച്ചു തെക്കോട്ടുനടന്ന് പുരാതനമായ കരിവെള്ളൂരിലെ ശിവക്ഷേത്രത്തില്‍ എത്തി. അവിടെ പ്രാര്‍ത്ഥിച്ചു കോട്ടപറമ്പിലെത്തി വിറക് ശേഖരിച്ച് അഗ്നി ജ്വലിപ്പിച്ചു. ദാന സ്വീകരണത്തിനായി, അതുവഴി കൊട്ടതേങ്ങയുമായി വന്ന തീയ്യനോട് വിറകോടൊപ്പം തൊട്ടതേങ്ങ ഇടാന്‍ ആ കന്യക അപേക്ഷിച്ചു. ആ അപേക്ഷ സ്വീകരിച്ചില്ല എന്നുമാത്രമല്ല അധിക്ഷേപിക്കുകകൂടി ചെയ്തു. പിന്നീടു ആ വഴി വന്നത് തുത്തികയില്‍ എണ്ണയുമായി ഒരു വാണിയനായിരുന്നു. ദാനം സ്വീകരിക്കുന്നതിനായി എണ്ണ അഗ്നികുണ്ഡത്തിലേക്ക് ഒഴിക്കുവാന്‍ ആ കന്യക അപേക്ഷിച്ചു. ഏതോ അജ്ഞാത ശക്തിയുടെ പ്രേരണയാല്‍ അഗ്നികുണ്ഡത്തിലേക്ക് അയാള്‍ എണ്ണ ഒഴിച്ചു. ഒഴിഞ്ഞ തുത്തികയുമായി സ്ഥലം വിട്ടു. ഒഴിഞ്ഞ തുത്തിക പടിഞ്ഞാറ്റയില്‍ കൊണ്ടു വച്ചു. വാണിയന്‍ തിരിഞ്ഞു നോക്കുമ്പോള്‍ കണ്ടത് എണ്ണ നിറഞ്ഞ് താനെ തുള്ളുന്ന തുത്തികയാണ്. ആയതിന്‍ പ്രതീകാത്മകമായിട്ടാണ് ഉത്സവനാളുകളില്‍ ചെമ്പുകുടത്തില്‍ വെള്ളവുമായി അവകാശികള്‍ തുള്ളുന്നത്. ദാനം സ്വീകരിച്ച ആ കന്യക സാക്ഷാല്‍ ശ്രീനാരായണന്‍റെ അരുളപ്പാടു പ്രകാരം അഗ്നിയില്‍ എരിഞ്ഞമര്‍ന്നു. അതില്‍ നിന്നും പുതിയ ചൈതന്യമുടലെടുത്തു. ആ ദിവ്യതേജസ്സ് ആകാശത്തിന്‍റെ അനന്തതയില്‍ അലിഞ്ഞുചേര്‍ന്നു.
മുച്ചിലോടന്‍ പടനായര്‍
ശിവ സൃഷ്ടിയായി ഭൂമിയില്‍ അവതരിച്ച ദേവി മനുഷ്യരൂപം കൈക്കൊണ്ട് യാത്രചെയ്ത് മുച്ചിലോടന്‍ പടനായകരുടെ സ്ഥലത്ത് എത്തി. പടനായകരുടെ വീടും പടിപ്പുരയും കണ്ട് ദേവി അങ്ങോട്ടുപോയി. ഉച്ചകഴിഞ്ഞ് അഞ്ചടി നേരമായപ്പോള്‍ ദാഹം മൂത്ത ദേവി ഗംഗപോലെ നിര്‍മ്മലമായ ജലമുള്ള മണിക്കിണറിലേക്ക് ദാഹശമനത്തിനായി ഇറങ്ങി. പടനായരുടെ സഹധര്‍മ്മിണി ചെമ്പുകുടവുമായി മണിക്കിണറിനു അരികില്‍ എത്തിയപ്പോള്‍ വെള്ളത്തില്‍ അസാധാരണമായ ഇളക്കം കണ്ടു അത്ഭുതപ്പെട്ടു പടയനായരെ അറിയിച്ചു. പടനായര്‍ വന്ന നോക്കിയപ്പോള്‍ അത്ഭുതം ഒന്നും കണ്ടില്ല. സാധാരണവിധിപ്രകാരം കിണര്‍വടക്ക് കിഴക്ക് മൂലയിലാണ് സ്ഥിതിചെയ്യേണ്ടത്. എന്നാല്‍ കരിവെള്ളൂര്‍ മുച്ചിലോട്ട് ക്ഷേത്രത്തില്‍ കിണര്‍ കന്നിമൂലയിലാണ്. ഈ കിണര്‍ മുച്ചിലോട് ഉണ്ടാകുന്നതിനും മുമ്പ് തന്നെ ഉള്ളതായി വിശ്വസിക്കുന്നു. ഇതിന്‍റെ തെക്കുപടിഞ്ഞാറ് ഭാഗത്തായിരിക്കണം മുച്ചിലോടന്‍ പടനായരുടെ വീട്. ഈ കിണറിലെ വെള്ളം മാറ്റുകയോ ആയുധം കൊണ്ട് ചളി നീക്കുകയോ, ചെയ്യാറില്ല. ദിവ്യപരിവേഷമുള്ള ഈ കിണറില്‍ അപൂര്‍വ്വമായ ഇളംചുവപ്പു നിറത്തിലുള്ള കൂപനാഗങ്ങള്‍ കാണപ്പെടുന്നു.
മുച്ചിലോട്ടുഭഗവതിയെന്ന തെയ്യക്കോലത്തിലവള്‍ ഇന്നും വടക്കന്‍കേരളത്തില്‍ പുനര്‍ജ്ജനിക്കുന്നു. തെയ്യാട്ടത്തിനടയില്‍ താലിമാല കൊണ്ടുവരുന്നതും സദ്യയൊരുക്കുന്നതും ദേവിയുടെ മുടങ്ങിപ്പോയ വേളിയെ ഓര്‍മ്മിപ്പിക്കുന്ന അനുഷ്ടാനങ്ങളാണ്.
കാസര്‍ഗോഡ് മുതല്‍ പാനൂര്‍ വരെ 18 പ്രധാന മുച്ചിലോട്ടുകാവുകള്‍ ഉണ്ട്. “ആദി മുച്ചിലോട്ട്” എന്ന നിലയില്‍ ഏറ്റവും പ്രധാന്യം കരിവെള്ളൂര്‍ മുച്ചിലോട്ടിനാണ്. മുച്ചിലോട്ടുകാവുകളിലെ കളിയാട്ട സമയത്ത് അന്നദാനത്തിന് വളരെ പ്രാധാന്യമുണ്ട്..
മുച്ചിലോട്ട് ഭഗവതിയൂടെ പ്രാചീന സങ്കേതങ്ങളായി തെയ്യം മുൻപുസ്ഥാനവാചാലിൽ അനുസ്മരിക്കുന്ന ഏഴ് കാവുകൾ:-
- കരിവെള്ളൂർ - ഉത്ഭവസ്ഥാനം
- പെരുദണ -കാസറഗോഡ്
- തൃക്കരിപ്പൂർ
- കോറോം -പയ്യന്നൂർ
- കൊട്ടില - പഴയങ്ങാടി
- കവിണിശ്ശേരി - ചെറുകുന്ന്
- വളപട്ടണം - പുതിയതെരു
- നമ്പ്രം - നണിയൂർ (മയ്യിൽ)
മറ്റു മുച്ചിലോട്ട് കാവുകൾ
- നീലേശ്വരം പുതുക്കൈ മുച്ചിലോട്ടു കാവ്
- അതിയടം മുച്ചിലോട്ടു കാവ്
- അണിയേരി
- അരീകൂളങ്ങര
- ആറ്റടപ്പ
- ആറളം
- ഇടക്കേപ്പുറം
- madayi
- KUNHIMANGALAM MUCHILOTT
- PAYYANUR POONTHURUTHI
- KOKKAD
- ഇല്ലുംമൂല
- ഉളിയിൽ
- എരമം
- എളബാറ
- എളകൂഴി ( നിർവേലി )
- കടന്നപ്പളി
- കല്ല്യാട്
- കടമ്പൂര്
- കണ്ടനാർപ്പൊയിൽ ( ചെറുപഴശ്ശി)
- കല്ലുര് (മട്ടന്നൂരിനടുത്ത്)
- കക്കോടത്ത്
- കരിപ്പോടി
- കല്ല്യാൽ
- പടിയൂർ മഞ്ചേരി പുതിയ കാവ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം
- പഴയിടത്ത് മുച്ചിലോട്ടു ഭഗവതി ക്ഷേത്രം(പാതിരയാട് , കണ്ണൂർ)
- വെളുത്തകുന്നത്ത് മുച്ചിലോട്ടു ഭഗവതി ക്ഷേത്രം(മക്രേരി , കണ്ണൂർ)
- രാമത്ത് പുതിയ കാവ് മുച്ചിലോട്ടു ഭഗവതി ക്ഷേത്രം (ചോറോട് ഈസ്റ്റ്, വടകര, കോഴിക്കോട് ) ( കോഴിക്കോട് ജില്ലയിലെ ഒരേയൊരു മുച്ചിലോട്ടു കാവ് ആണു് ഇത് )
- പാതിരിയാട് പോതിയോടം മുച്ചിലോട്ട്
chooliyad sree muchilott bhagavathi kshethram- കൈതേരിപ്പൊയിൽ കാഞ്ഞിരാട്ടു മുച്ചിലോട്ടു ഭഗവതി ക്ഷേത്രം.(മുണ്ടമെട്ട , കണ്ണൂർ)
- കീഴാറ്റൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, തളിപ്പറമ്പ്
കാസർകോട് ജില്ലയിലെ പെരുതണ മുതൽ വടകരയിലെ വൈക്കലശ്ശേരി വരെ 113ഓളം മുച്ചിലോട്ട് കാവുകളുണ്ട്.
Comments
Post a Comment